പത്രത്തെ ജനാധിപത്യത്തിന്റെ നാലാം തൂണായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു പത്രപ്രവര്‍ത്തകന് ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. സമൂഹതിന്മകളെ നിശിതമായി എതിര്‍ക്കുമ്പോള്‍തന്നെ നന്മകളെ പിന്തുണയ്ക്കുകയും വേണം. പത്രപ്രവര്‍ത്തകന്‍ ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍തന്നെ സത്യമറിയാനുള്ള ജനങ്ങളുടെ അവകാശത്തെ പരിപൂര്‍ണ്ണമായും സംരക്ഷിക്കാന്‍ബാദ്ധ്യസ്ഥനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഹരിപ്പാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പറ്റം യുവ പത്രപ്രവര്‍ത്തകര്‍ക്ക് ഇതൊന്നും ബാധകമല്ലായെന്നാണ് അവരുടെ പത്രപ്രവര്‍ത്തന ശൈലിയെ അടുത്തു നിന്നു നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നിപ്പോകുന്നത്. പലരും രാഷ്ട്രീയക്കാരുടെ കൂലിയെഴുത്തുകാരായി അധഃപതിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇവര്‍ക്ക് ആടിനെ പട്ടിയാക്കാന്‍ ഇത്തിരി മഷിയും പ്രസിദ്ധീകരിക്കാന്‍ ഒരു പത്രവുമുണ്ടായാല്‍ മതിയാകും. ഒരു പത്രപ്രവര്‍ത്തകന്റെ പ്രാഥമികമായ ജോലി വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ടു ചെയ്യുകയെന്നാണ്. എന്നാല്‍ കഥകള്‍ നിര്‍മ്മിക്കുകയും അത് ഒരു പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടി താന്‍മഹാനായ പത്രപ്രവര്‍ത്തകനായി എന്നു ധരിച്ചാല്‍ അവരെ വിഡ്ഢി എന്ന മലായാള പദംകൊണ്ട് നമുക്ക് വിശേഷിപ്പിക്കേണ്ടതായിവരും. ഹരിപ്പാട്ടെ പത്രപ്രവര്‍ത്തകരില്‍പലരും ഇക്കൂട്ടത്തില്‍ പെടുന്നവരാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഇവരുടെ സത്യസന്ധമല്ലാത്ത പത്രപ്രവര്‍ത്തനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പള്ളിപ്പാട് പഞ്ചായത്തിലെ വഴുതാനത്ത് സതീഷ് കുമാറെന്ന യുവാവ് മരിച്ച സംഭവം. ഇവിടുത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം മദ്യവിരുദ്ധപ്രവര്‍ത്തകനെ ചവുട്ടികൊന്നതായി നിരന്തരം വാര്‍ത്തകള്‍നല്‍കി. യു.ഡി.എഫിന്റെ രാഷ്ട്രീയമുതലെടുപ്പിനുള്ള ആയുധമായി ഇത് മാറ്റിയെടുക്കാന്‍കഴിഞ്ഞു.കോണ്‍ഗ്രസ്സിന്റെ നേതാക്കന്മാരെല്ലാം പള്ളിപ്പാട്ടേക്ക് ഒഴുകിയെത്തി. ഇടതുപക്ഷക്കാരായ രണ്ടുപേര്‍ പ്രതിയാക്കപ്പെട്ടു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ചവുട്ടിക്കൊന്നതായി കണ്ടെത്താന്‍കഴിഞ്ഞില്ല.പ്രതികളെ കോടതി വെറുതേവിട്ടു.യാഥാര്‍ത്ഥ്യം എന്തായിരുന്നു?സതീഷ് കുമാറിനെ ആരും ചവുട്ടിക്കൊന്നില്ല.ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സതീഷ് കുമാറുമായി പ്രശ്നമുണ്ടായി എന്നത് സത്യമായിരിന്നു.സംഘര്‍ഷത്തില്‍ അയാള്‍ക്ക് പരിക്കുമേറ്റിരുന്നു. പ്രതികളില്‍ ഒരാളുടെ സൈക്കിള്‍ അടിച്ച് തകര്‍ത്ത്അരിശം തീര്‍ത്ത സതീഷ് കുമാര്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഈ സംഭവം കണ്ടിനിന്നവര്‍ അന്വേഷിച്ചെത്തുന്നവരോട് നിരന്തരം സത്യം പറഞ്ഞുവെങ്കിലും അവരുടെ ശബ്ദം മാധ്യമ ബഹളത്തിലും രാഷ്ട്രീയശബ്ദഘോഷത്തിലും മുങ്ങിപ്പോയി. അങ്ങനെ ഹരിപ്പാട്ടെ പത്രപ്രവര്‍ത്തകരെല്ലാവരും കൂടി സത്യത്തെ മൃഗീയമായി കൊന്നു കുഴിച്ചുമൂടി. ഇതിനുള്ള തിരക്കഥ തയ്യാറാക്കപ്പെട്ടത് ചില പ്രമുഖ പത്രങ്ങളുടെ ഹരിപ്പാട്ടെ പ്രാദേശികലേഖകന്മാരും ഏതാനും രാഷ്ട്രീയക്കാരും ചേര്‍ന്നായിരുന്നു. പ്രതികളെ വെറുതേവിട്ടപ്പോള്‍ വാര്‍ത്ത പടച്ചുവിട്ട ആര്‍ക്കും ഒരു ഉളുപ്പുമില്ലായിരുന്നു. ഈ പത്രപ്രവര്‍ത്തകരില്‍ ഭൂരിപക്ഷംപേരും ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൂടെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരായിരുന്നു.അവരുടെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ക്കനുസരിച്ചായിരുന്നു ഹരിപ്പാട്ടെ പത്രപ്രവര്‍ത്തനം. ഇന്നുമത് നിരന്തരമായി തുടരുന്നു. ആരെങ്കിലും ഒരാളെഴുതുന്ന വാര്‍ത്ത വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയെഴിതുന്നതാണ് ഹരിപ്പാട്ടെ പത്രപ്രവര്‍കരുടെ പ്രധാനപണി. അതുകൊണ്ടുതന്നെ ഹരിപ്പാട്ടുനിന്ന് റിപ്പോര്‍ട്ടുചെയ്യുന്ന വാര്‍ത്തകളുടെ സാരാംശത്തില്‍ പ്രകടമായ വ്യത്യാസം കാണാന്‍കഴിയില്ല. ഇങ്ങനെ അസത്യത്തേപ്പോലും സത്യമാക്കി അവതരിപ്പിക്കാന്‍ സംഘടിതമായി നിഷ് പ്രയാസം കഴിയുന്നു.സ്വന്തം മനസ്സാക്ഷിയെ കൊല്ലാകൊലചെയ്യാന്‍ മടിയില്ലാത്ത ഇത്തരം പത്രപ്രവര്‍ത്തനത്തെ ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ലായെന്നതുകൊണ്ടാണ് ഇത്തരമൊരു പ്രതികരണത്തിനു ഞങ്ങള്‍ മുതിരുന്നത്. ഇത്രയുമെഴുതിയത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു സ്ത്രീയുടെ നേരെ ഹരിപ്പാട്ടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂത്രം തളിച്ചുവെന്ന വാര്‍ത്ത ഹരിപ്പാട്ടെ പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തരീതി ശരിയല്ല എന്നു ചൂണ്ടിക്കാണിക്കാനാണ്. സതീഷ് കുമാറിനെ വാര്‍ത്തയിലൂടെ ചവുട്ടിക്കൊന്നവര്‍തന്നെയാണ് മൂത്രം തളിച്ചവാര്‍ത്തപടച്ച് രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരം സൃഷ്ടിച്ചത്. വാര്‍ത്തവാസ്തവമല്ലാതെ വരുമ്പോള്‍ ഒരു നാണവുമില്ലാതെ പത്രപ്രവര്‍ത്തകന്റെ ഉടുപ്പുമണിഞ്ഞ് ഹരിപ്പാട്ടെ റോഡുകളിലൂടെ പായുമ്പോള്‍ സ്വദേശാഭിമാനി ജീവിച്ചിരുന്നെങ്കില്‍ ഹരിപ്പാട്ടെ പത്രപ്രവര്‍ത്തകരെ വെടിവെച്ചുകൊല്ലുമായിരുന്നു.അത്രയ്ക്ക് ലജ്ജാകരമായ ഈ പത്രപ്രവര്‍ത്തനശൈലിയെ സമൂഹം തിരസ്ക്കരിക്കുന്ന കാലം അതിവിദൂരമല്ല.സ്വന്തം ഉത്തരവാദിത്തങ്ങളേപ്പറ്റിയും താന്‍ റിപ്പോര്‍ട്ടുചെയ്യുന്ന ഓരോ വാര്‍ത്തയും സമൂഹത്തിലുംവ്യക്തിയിലും ചെലുത്തുന്ന സ്വാധീനത്തേപ്പറ്റിയെങ്കിലും ഹരിപ്പാട്ടെ യുവ പത്രപ്രവര്‍ത്തക സൂഹൃത്തുക്കള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍....


No comments:
Post a Comment