കാഴ്ചപ്പാട്

സുധാകരന്‍ ബാക്കിവെച്ചത്.........

ജൂണ്‍മാസത്തിലെ ഒരു വൈകുന്നേരമാണ്   സുധാകരനെ ആദ്യമായി   കണ്ടുമുട്ടുന്നത്. ഗ്രാമത്തിന്റെ കിഴക്കേ അറ്റത്ത്  കര്ഷകത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന  നാലുകെട്ടുംകവലയിലാണ് സുധാകരന്റെ വീട്.      ബി.പി.എല്‍ സര്‍വ്വേയ്ക്കായി  ചെല്ലുമ്പോള്‍  ഭാര്യവീട്ടില്‍വെച്ചാണ്  ഞാന്‍ കാണുന്നത്. സുധാകരന്റെ വീട്ടില്‍ ജ്യേഷ്ഠനും കുടുംബവുമാണ് ഉണ്ടായിരുന്നത്. അവിടെ വെച്ചാണ് സുധാകരനേപ്പറ്റി അറിയുന്നത്. ത്യാഗത്തിന്റെയും തീക്ഷ്ണമായ രക്തബന്ധം തീര്‍ത്ത കടപ്പാടിന്റേയും ഇഴപിരിവുകള്‍ ഒത്തുചേര്‍ന്നതായിരുന്നു ആ കുടുംബം. സുധാകരനെ ബാധിച്ച കാന്‍സര്‍ രോഗം എല്ലാവരേയും പിടിച്ചു കുലുക്കിയിരുന്നു. ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോള്‍ അനുജനെ ചികിത്സിക്കാനായി ജ്യേഷ്ഠന്‍ തന്റെ വീടും സ്ഥലവും വിറ്റു. പിന്നീട് താമസം സുധാകരന്റെ വീട്ടിലായി.ഇതുകേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത നൊമ്പരം  അനുഭവപ്പെട്ടു. ഇക്കാലത്തും സാഹോദര്യവും ത്യാഗവും ഇത്തിരിയെങ്കിലും വിദ്യാസമ്പന്നനല്ലാത്ത കര്‍ഷകത്തൊഴിലാളിയില്‍ അവശേഷിക്കുന്നുണ്ടെല്ലോ എന്നെനിക്ക് തോന്നാതിരുന്നില്ല. സര്‍വ്വേയുടെ ഭാഗമായി വീടുകളില്‍ നിന്നും വീടുകളിലേക്കുള്ള യാത്രയ്ക്കിടയില്‍ സുധാകരന്റെ ഭാര്യവീട്ടില്‍ എത്തിയപ്പോള്‍  അയാള്‍ വീടിന്റെ ഉമ്മറത്ത് ഇരിപ്പുണ്ട്. ഇതിനുമുന്പ് ഞാന്‍ സുധാകരനെ കണ്ടിട്ടുണ്ടോ എന്നോര്‍മ്മയില്ല. ഞാന്‍ പഠിച്ച അതേസ്കൂളില്‍ എന്റെ സീനിയറായി അയാള്‍ പഠിച്ചിരുന്നതായി പറഞ്ഞു. അല്പസമയം കൊണ്ട് ഞങ്ങള്‍  സുഹൃത്തുക്കളുമായി. പാവപ്പെട്ട കോളനിനിവാസികളെല്ലാം എ.പി.എല്ലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ബി.പി.എല്‍ ( എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ട കാര്യം)ആയസംഭവങ്ങളും രാഷ്ട്രീയസ്വാധീനം പാവപ്പെട്ടവനെ ആനുകൂല്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതുമെല്ലാം വിസ്തരിച്ചുതന്നെ സൂധാകരന്‍ എന്നോടു പറഞ്ഞു. കേരളത്തിലെ തീവ്രകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സുധാകരന്‍. വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്ന തേതാക്കന്മാരൊക്കെ കാന്‍സര്‍ രോഗബാധിതനായതിനുശേഷം തിരിഞ്ഞുനോക്കാതെ പോയതും ഇത്തിരി ഖേദത്തോടെ അയാള്‍ പറയാതിരുന്നില്ല. തീവ്രവിപ്ലവ സംഘടനയുടെ പ്രാദേശിക നേതാവും മറ്റൊരു ഇടതുപക്ഷപാര്‍ട്ടിയുടെ നേതാവും  ഒത്തുചേര്‍ന്ന് വയലുകളിലെ മണല്‍ വില്‍ക്കുന്നതിനെതിരെ രോഗബാധിതനായിരിക്കുമ്പോള്‍ പ്രതികരിച്ചതാണ്   സുധാകരനെ അവര്‍ക്ക്  അനഭിതനാക്കിയത്. നാട്ടിലെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവവും ആ ചെറുപ്പക്കാരന്‍ കാണിച്ചിരുന്നു. ജീവിതത്തേപ്പറ്റി വളരെ പ്രതീക്ഷ അയാള്‍ക്കുണ്ടായിരുന്നു. എന്റെ അസുഖമൊക്കെ മാറട്ടെ  ഞാന്‍ ഇവിടുത്തെ അഴിമതിക്കെതിരെ പ്രതികരിക്കും . നമുക്ക്  തമ്മില്‍  അന്നുകാണാം. ഇനിയും കുറെ സംസാരിക്കാനുണ്ട്. എല്ലാം സുധാകരന്റെ പ്രതീക്ഷകളായിരുന്നു. അടുത്ത സമയത്ത് സുധാകരന്റെ ത്യാഗസമ്പന്നനായ സഹോദരന്‍ പെട്ടെന്നൊരുദിവസം മരിച്ചു. സുധാകരന്റെ രണ്ടു സഹോദരന്മാര്‍ അങ്ങനെ വിധിക്കു കീഴടങ്ങി. ഒടുവില്‍ സുധാകരന്റേയും ഊഴമെത്തി. ഏതാനും ദിവസങ്ങള്‍ക്കുമുന്പ് പെട്ടെന്ന് സുധാകരന് രോഗം മൂര്‍ച്ഛിച്ചു.തന്റെ ഭാര്യയേയും കുട്ടികളേയും നിരാശ്രയരാക്കി സുധാകരന്റെ ജീവിതവും അവസാനിച്ചു. ആ പ്രദേശത്തെ കുട്ടികളാരും അന്ന് സ്കൂളില്‍ പോയില്ല. ആ പ്രദേശത്തെ സര്‍വ്വ പ്രശ്നങ്ങളിലും സ‍‍ജീവമായിരുന്ന സുധാകരന്റെ മരണം അവിടുത്തുകാര്‍ക്ക് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. സുധാകരന്‍ മരിച്ചത് ഞാനറിയുന്നത് ഏറെ വൈകിയായിരുന്നു.അറിഞ്ഞപ്പോള്‍ ഇത്തിരി നേരം നിശബ്ദനായിപ്പോയി. ഞാനയാളെ കണ്ടുമുട്ടുമ്പോള്‍  ചികിത്സയ്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന വീട്ടുകാരേപ്പറ്റി ഒരു നിമിഷം ഞാനോര്‍ത്തുപോയി. സുധാകരന്‍ ജീവിച്ചിരിക്കുമെന്ന പ്രതീക്ഷയില്‍ കടം വാങ്ങി ചികിത്സിച്ച വീട്ടുകാരുടെ അവസ്ഥ..... എല്ലാം നഷ്ടപ്പെട്ട ആ കുടുബത്തേപ്പറ്റി നോമ്പരപ്പെടാനല്ലേ നമുക്ക് കഴിയുന്നുള്ളു. നിരാലംബരായിത്തീര്‍ന്ന ഭാര്യയും കുട്ടികളും.....എല്ലാം  നൊമ്പരമായി അവശേഷിക്കുന്നു.

No comments:

Post a Comment