കാഴ്ചപ്പാട്

അനിവാര്യമായ നടപടി
കേരളത്തിലെ സി.പി.എം ല്‍ കൂടുതല്‍ പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ട് കേരളാമുഖ്യമന്ത്രി വി.എസ് അച്യുതാന്ദനെതിരെ പാര്‍ട്ടി എടുത്ത നടപടി സംഘടനാ കാഴ്ചപ്പാടില്‍ ശരിയായ നടപടിയാണെന്നു പറയേണ്ടിവരുന്നു. പാര്‍ട്ടിയിലൂടെ വളര്‍ന്നു വരികയും പാര്‍ട്ടിയുടെ ലേബലില്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിട്ട് മാധ്യമങ്ങള്‍ സൃഷ്ടിച്ച അപരവ്യക്തിത്വത്തിന്റെ പിന്‍ബലത്തില്‍ പാര്‍ട്ടിയുടെ നയങ്ങളെ വെല്ലുവിളിക്കുന്ന ശൈലി ആരുകാണിച്ചാലും അത് വെച്ചു പൊറുപ്പിക്കില്ല എന്ന സന്ദേശം ഈ നടപടിയിലൂടെ സി.പി.എം നല്കുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഇവിടെ സൂചനനല്‍കുന്നു.
അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ ഉല്‍പന്നമാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം പലപ്പോഴും മറന്നുപോയിരുന്നു. സി.പി.എംനേ സംബന്ധിച്ചിടത്തോളം ഒരു നിലപാടില്‍ പാര്‍ട്ടി എത്തിച്ചേരുക വിശദമായ വിലയിരുത്തലിനുശേഷമായിരിക്കും. ഇത് വളരെക്കാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വി.എസ്.അച്യുതാന്ദന് അറിയാം. അതുകൊണ്ടുതന്നെയാണ് മുന്പും ഇപ്പോഴും ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതിക്കാരനല്ലായെന്ന സുവ്യക്തമായ നിലപാട് പാര്‍ട്ടിഎടുത്തിട്ടുള്ളത്. അച്യുതാനന്ദനെ പി.ബിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സി.പി.എം സെന്‍ട്രല്‍ കമ്മിറ്റിക്കുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ അഴിമതിക്കാരനാണെന്നും പുറത്താക്കണമെന്നും വി.എസ്സും മാധ്യമങ്ങളും ആവര്‍ത്തിക്കുമ്പോഴും അതിനെ സാധൂകരിക്കുന്ന തെളിവൊന്നും ഹാജരാക്കാന്‍ മാധ്യമങ്ങള്‍ക്കൊ വി.എസ്സിനോ കഴിഞ്ഞിട്ടില്ല. സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നു പറയുന്നുണ്ടെങ്കിലും അദ്ദേഹം അഴിമതി നടത്തിയതായൊ പണാപഹരണം നടത്തിയെന്നോ പറയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്ന് സി.പി.എം സെന്‍ട്രല്‍ കമ്മിറ്റിക്കുശേഷം പാര്‍ട്ടി തറപ്പിച്ചുതന്നെപറയുന്നത്.ശരിക്കുംപറഞ്ഞാല്‍ പിണറായി വിജയനോട് അദ്ദേഹത്തിനുള്ള നീരസത്തെ മാധ്യമങ്ങളുടെ ഉപയോഗപ്പെടുത്തിക്കൊണ്ട് തീര്‍ക്കുകയാണ് വി.എസ്.ചെയ്തുകൊണ്ടിരുന്നത്. തന്റെ ഈ വിദ്വേഷപ്രകടനത്തില്‍ പിണറായി വിജയന്‍ എന്നത് തന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസെക്രട്ടറിയാണെന്ന കാര്യം വി.എസ് മറന്നു. മോന്‍ ചത്താലും വേണ്ടില്ല മരുമകളുടെ ദുഃഖം കണ്ടാല്‍മതിയെന്ന അമ്മായി അമ്മയുടേതിനു സമാനമായ നിലപാടായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇവിടെ പാര്‍ട്ടിക്ക് അതീതനാണ് താനെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ പലപ്പോഴും തനിക്ക് ബാധകമല്ലെന്നും തോന്നിക്കുന്ന രീതിയിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപിതനിലപാടുകള്‍ക്ക് വിരുദ്ധമായി അദ്ദേഹം പെരുമാറിയത്. സി.പി.എംനേപ്പോലെ കേഡര്‍ സ്വഭാവം വെച്ചുപുലര്‍ത്തുന്ന ഒരു പാര്‍ട്ടി ഇത്രയും നാള്‍ ഇത് സഹിച്ചതു തന്നെ അത്ഭുതമാണ്. വി.എസിനേക്കാള്‍ എത്രയോ ഉയരത്തിലുള്ള ബി.ടി.രണദിവയ്കും,ഇ.എം.എസ്സിനും, എ.കെ.ജിയ്കും,നൃപന്‍ചകൃവര്‍ത്തിക്കുമെതിരേപോലും അച്ചടക്ക നടപടി കൈക്കൊണ്ടിട്ടുള്ള പാര്‍ട്ടിയാണ് സി.പി.ഐ(എം) എന്നിവിടെ ഓര്‍ക്കണം. മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരുതരം വ്യക്തിപരിവേഷത്തില്‍ വി.എസ്.വീണുപോയി. താനൊഴിച്ച് ബാക്കിയെല്ലാവരും അഴിമതിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അദ്ദേഹം മിക്കപ്പോഴും ശ്രമിച്ചതും. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ വാനോളം പുകഴ്ത്തുന്നതില്‍ ചില ദുരുദ്ദേശങ്ങളില്ലേ എന്ന് ഒരിക്കല്‍പ്പോലും അദ്ദേഹം സംശയിച്ചതുമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേതകര്‍ക്കാന്‍ വലതുപക്ഷമാധ്യമങ്ങള്‍ കണ്ടെത്തിയ ഒരു ഉപകരണം മാത്രമാണ് താനെന്ന് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നില്ല. എവിടെയും പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരേ നിന്നുകൊണ്ട് താന്‍ സത്യത്തിനുവേണ്ടി പാര്‍ട്ടിയേപ്പോലും എതിര്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ക്കുകയും മാധ്യമ ശ്രദ്ധനേടുകയും പാര്‍ട്ടി വിരുദ്ധരുടേയും മറ്റുള്ളവരുടേയും കൈയ്യടിനേടാനുമാണ് ശ്രമിച്ചുവരുന്നത്. തനിക്ക് യോജിക്കാനാവില്ലെങ്കില്‍ അന്തസ്സോടെ രാജിവെച്ചു പുറത്തുപോകണം. അത് അദ്ദേഹത്തിനു കഴിയാതിരുന്നത് അമിതമായ പാര്‍ലമെന്ററി വ്യാമോഹം എന്നല്ലാതെ മറ്റെന്താണ് പറയാനാവുക. ഇത് കലശലായി ബാധിച്ചതാണ് അദ്ദേഹത്തിന്റെ പല പ്രഖ്യാപിത നിലപാടുകളില്‍നിന്നും പല അവസരങ്ങളിലും മലക്കം മറിയേണ്ടതായി വന്നതും. തെരഞ്ഞെടുപ്പ് കാലത്തും അതിനുശേഷവും അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പൊതുജനത്തിന്റേയും മാധ്യമങ്ങളുടേയും കൈയ്യടി നേടാനുള്ളതും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണങ്ങളൊക്കെ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. ഇത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം അദ്ദേഹം പരിഗണിച്ചില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ പത്രക്കാര്‍ക്കുമുന്നില്‍ വിജയശ്രീലാളിതനേപ്പോലെ നിന്നത് ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിപ്രവര്‍ത്തകന് യോജിച്ചതായിരുന്നില്ല. ഇത്രയും പരിണിതപ്രജ്ഞനായ വി.എസ്സിനേപ്പോലുള്ള ഒരാള്‍ പാര്‍ട്ടി അച്ചടക്കത്തിനെതിരെ നിലയുറപ്പിക്കുകയും പാര്‍ട്ടിവിരുദ്ധമാധ്യമങ്ങള്‍ ഒരുക്കിവെച്ച കെണിയില്‍ വീഴുകയും ചെയ്തതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നു പറയാം. ഇനിയും പാര്‍ട്ടി വിരുദ്ധനിലപാടെടുത്താല്‍ നൃപന്‍ചക്രവര്‍ത്തിയുടേയൊ ഗൗരിയമ്മയുടേയൊ അവസ്ഥയിലേക്ക് അദ്ദേഹവും എത്തപ്പെട്ടേക്കാം. അത് ഉണ്ടാകാതിരിക്കട്ടെ...

1 comment:

  1. പരാജയകാരണങ്ങള്‍ ഇങ്ങനെ ചുരുക്കാം
    പിണറായിയുടെ അഹങ്കാരം
    അച്യുതാനന്ദന്‍റെ കെടുകാര്യസ്ഥത
    മത തീവ്രവാദവുമായുള്ള സന്ധി ചെയ്യല്‍

    ReplyDelete